Bioscope

'ഏഴാം സൂര്യന്‍' വരുന്നു

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഏഴാം സൂര്യന്‍' റിലീസിനൊരുങ്ങുന്നു. കൈവല്യം ക്രിയേഷന്‍സിന്റെ ബാനറില്‍ രമേഷ് ചോലയില്‍ നിര്‍മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ജ്ഞാനശീലനാണ്. ' മിന്നുകെട്ട് ' തുടങ്ങി നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ ജ്ഞാനശീലന്റെ ആദ്യസിനിമയാണിത്. ഫീമെയില്‍ ഉണ്ണികൃഷ്ണനിലൂടെ സിനിമയിലെത്തിയ മഹാലക്ഷ്മിയാണ് നായിക. സായ് കുമാര്‍ ജഗതി ശ്രീകുമാര്‍, സുരാജ് , ശ്രീജിത്ത് രവി, കല്പന, പ്രിയങ്ക എന്നിവരും വേഷമിടുന്നു. സംഗീതം മോഹന്‍സിത്താര.

ആസിഫിന്റെ 'ഒഴിമുറി'

തലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒഴിമുറി എന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാവുന്നു. ശ്വേതമേനോന്‍, പത്മപ്രിയ, ഭാവന എന്നിവര്‍ നായികമാരാവുന്ന ചിത്രത്തിന്റെ രചന അങ്ങാടിത്തെരു എന്ന തമിഴ് ചിത്രത്തിന്റെ കഥാകൃത്തായ ജയമോഹനാണ്. ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിവാഹശേഷം ശ്വേതമേനോന് ലഭിക്കുന്ന ശക്തമായ വേഷമായിരിക്കും ഇത്‌. ഏപ്രിലില്‍ ചിത്രീകരണമാരംഭിക്കുന്ന ഒഴിമുറിയുടെ പ്രധാന ലൊക്കേഷന്‍ തക്കല ആയിരിക്കും.

ചാക്കോച്ചന്റെ പിതാവ് സുരാജ്

ബാബു ജനാര്‍ദ്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭക്തിപ്രസ്ഥാനം'. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ സുരാജ് ഇരട്ടവേഷങ്ങളില്‍ എത്തുന്നു. ചാക്കോച്ചന്റെ പിതാവായും സഹോദരനായുമാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തില്‍ കപട സന്യാസികളും ആള്‍ദൈവങ്ങളും സ്വാധീനം ചെലത്തുന്നതിന്റെ ആക്ഷേപ ഹാസ്യമാണ് ചിത്രം. കുഞ്ചക്കോ ബോബന്‍ മൂന്ന് ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു. മാര്‍ച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കും.

ഔട്ട്‌സൈഡര്‍ തുടങ്ങി

ആത്മകഥയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ പ്രേംലാലിന്റെ പുതിയ ചിത്രം ഔട്ട്‌സൈഡറിന്റെ ചിത്രീകരണം ചാലക്കുടിയില് ആരംഭിച്ചു. ശ്രീനിവാസന് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രജിത്ത്, തമിഴ് നടന് പശുപതി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. സംവിധായകന്‍ തന്നെ രചനും നിര്‍വഹിക്കുന്ന ചിത്രം മാണിക്യക്കല്ല് നിര്‍മിച്ച ഗൗരി മീനാക്ഷി മൂവീസ് നിര്‍മിക്കുന്നു. സമീര്‍ ഹഖാണ് ചിത്രത്തിന്റെ ക്യാമറ. സസ്‌പെന്‌സിന് പ്രാധാന്യം നല്കുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്.